ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം
മുളയങ്കാവ് ഭഗവതിക്ഷേത്രവും പെരുംതൃക്കോവിലും സുബ്രഹ്മണ്യന്‍ കോവിലുമാണ് പ്രധാന ഹൈന്ദവ ആരാധനലായങ്ങള്‍. അപൂര്‍വ്വമായി മാത്രം കണ്ടുവരാറുളള സൂര്യചന്ദ്രന്മാരുടെ പ്രതിഷ്ഠയും ആരാധനയും കുലുക്കല്ലൂരിന്റെ സവിശേഷതയാണ്. നാഗാരാധനയും സര്‍പ്പംതുള്ളലും ഇവിടെ ഇന്നും നിലനില്‍ക്കുന്നു. സര്‍പ്പം തുള്ളലിലും കളമെഴുത്തിലും പ്രസിദ്ധനാണ് വി.ടി.കേശവന്‍. വണ്ടുന്തറ പള്ളി, മപ്പാട്ടുകര പള്ളി, നാട്യമംഗലം പള്ളി തുടങ്ങിയവയാണ് പ്രധാന മുസ്ളീം ആരാധനാലയങ്ങള്‍. കൂടാതെ നിരവധി നമസ്ക്കാരപള്ളികള്‍ വേറെയുമുണ്ട്. തൂതപ്പുഴ(കുന്തിപ്പുഴ)യ്ക്ക് കുലുക്കല്ലൂരിന്റെ സംസ്കാരവുമായി അഭേദ്യമായ ബന്ധമുണ്ട്. ഈ പുഴയില്‍ പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്നത് പുണ്യമാണെന്ന് വിശ്വാസികള്‍ കരുതുന്നു. തെങ്ങുകള്‍ കൂടുതല്‍ കായഫലങ്ങള്‍ തരുന്നതിന്, നാളികേരം തൊണ്ടോടുകൂടി തൂതപ്പുഴയില്‍ ഒഴുക്കുന്നത്, അഭിവൃദ്ധിദായകമാണെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. പണ്ടുകാലത്ത് പൊന്നാനിയുമായി വാണിജ്യബന്ധം പുലര്‍ത്തുവാന്‍ ഉപയോഗിച്ചിരുന്നത് തൂതപ്പുഴയെയാണ്. അപ്പാട്ടുകര മുസ്ളീംപള്ളി തൂതപ്പുഴയുടെ കരയില്‍ സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ മിക്ക സ്ഥലങ്ങളിലേക്കും തൂതപ്പുഴയിലെ ജലം എത്തുന്നുണ്ട്. സ്വാതന്ത്യ്രാനന്തരം കുലുക്കല്ലൂര്‍ വികസനരംഗത്ത് മുന്നറാന്‍ തുടങ്ങി. ഗള്‍ഫുനാടുകളില്‍ നിന്നുള്ള സാമ്പത്തികവരുമാനം പഞ്ചായത്തിന്റെ മുഖഛായതന്നെ മാറ്റിയിരിക്കുന്നു. ജന്മിത്ത്വത്തിനേറ്റ തകര്‍ച്ച സാധാരണക്കാരുടെ ജീവിതത്തിന് കരുത്തേകിയിട്ടുണ്ട്. പഴയ കാലത്ത് പത്തു മനകള്‍ ചേര്‍ന്ന് കൈയ്യടക്കിവച്ചിരിക്കുകയായിരുന്നു ഈ പ്രദേശത്തെ ഭൂമി മുഴുവന്‍. എന്നാല്‍ ഭൂപരിഷ്കരണത്തെതുടര്‍ന്ന് കാറ്റു തിരിഞ്ഞുവീശിയപ്പോള്‍ ജന്മിത്തവും പാട്ടവാരവുമുള്‍പ്പെടെ പലതിനും മാറ്റം വന്നു. സ്വാതന്ത്യ്രാനന്തരം വന്ന മാറ്റങ്ങളെ അരക്കിട്ടുറപ്പിക്കാന്‍ കര്‍ഷകപ്രസ്ഥാനവും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും രൂപം കൊണ്ടു. ഗുരുകുല സമ്പ്രദായം നിലനിന്നിരുന്ന പ്രദേശമായിരുന്നു ഇത്. ഒരു കാലത്ത് വിദ്യാദാനം ബ്രാഹ്മണഗൃഹങ്ങളിലും, ക്ഷേത്രങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്നു. തുടര്‍ന്ന് സരസ്വതീക്ഷേത്രങ്ങളെന്നറിയപ്പെട്ടിരുന്ന ഉന്നത തറവാടുകളിലേക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. അങ്ങനെ ഗുരുകുലസ്ഥാനീയരായ തറവാടുകളാണ് ആനപ്പായ, അച്ചിപ്ര എന്നിവ. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പല സ്ഥലങ്ങളിലും സ്ഥാപിച്ചുതുടങ്ങിയതും അതിന്റെ തുടര്‍ച്ചയെന്നോണമായിരുന്നു. മുളയങ്കാവ്, ചുണ്ടമ്പറ്റ, ഒരുപുലാത്ര എന്നിവിടങ്ങളില്‍ ഇത്തരം വിദ്യാലയങ്ങളുടെ ബീജാവാപം നടന്നു. അച്ചിപ്ര കുഞ്ഞനെഴുത്തച്ചന്‍ സ്ഥാപിച്ച പ്രൈമറിവിദ്യാലയമാണ് പില്‍ക്കാലത്ത് അപ്പര്‍ പ്രൈമറി സ്കൂളാക്കി ഉയര്‍ത്തിയത്. ഇന്ന് പഞ്ചായത്തില്‍ ഒരു ഹൈസ്കൂളും നാല് അപ്പര്‍ പ്രൈമറി സ്കൂളുകളും ഏഴ് പ്രൈമറി സ്കൂളുകളുമടക്കം പന്ത്രണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കരിങ്കല്ലില്‍ മനോഹരമായ ഒരു ഓടക്കുഴല്‍ നിര്‍മ്മിച്ച ശില്പിയായിരുന്നു സി.ഒ.ശങ്കരനാരായണന്‍. ഓതിക്കുന്നത്ത് കൃഷ്ണന്‍കുട്ടി നായര്‍ കുറുങ്കുഴല്‍ രംഗത്തെ ഒരു വിദഗ്ധനാണ്. വാദ്യകലാരംഗത്ത് ധാരാളം വിദഗ്ധരുള്ള നാടാണിത്. ചെണ്ടവാദ്യത്തെപ്പറ്റി മുളയങ്കാവ് അരവിന്ദാക്ഷന്‍ ആധികാരികമായ ഒരു ഗ്രന്ഥം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയപ്രസ്ഥാനത്തിന്റെ പേരിലും ഇവിടെ വിപ്ളവാത്മകമായ പല പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്. ഖിലാഫത്ത് വിപ്ളവം കുലുക്കല്ലൂരിലും വ്യാപിച്ചു. കെ.ജി.മാസ്ററുടെ നേതൃത്വത്തില്‍ മലബാര്‍ കുടിയായ്മ നിയമം അനുസരിച്ച് പാട്ടം വെട്ടിച്ചുരുക്കാന്‍ ഹര്‍ജി സമര്‍പ്പിച്ചതും ചരിത്രത്താളുകളില്‍ സ്ഥാനം പിടിക്കേണ്ടതാണ്. പുറയന്നൂര്‍ മന മിച്ചഭൂമിക്കുവേണ്ടി അഞ്ഞൂറോളം വോളന്റിയര്‍മാര്‍ കെ.കെ.രാമചന്ദ്രന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നതും ഭൂമി പതിച്ചുവാങ്ങിയതും ചരിത്ര സംഭവങ്ങളാണ്. പാലക്കാട് ജില്ലയില്‍ ആദ്യമായി മിച്ചഭൂമി വിതരണം ചെയ്തത് പി.എം.സി.ദിവാകരന്‍നമ്പൂതിരിപ്പാടായിരുന്നു. മുഖ്യമായ കൃഷി നെല്ലാണെങ്കിലും മറ്റു കൃഷികളും ഇവിടെ നടത്തുന്നുണ്ട്. നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക്, മരച്ചീനി, മുതിര, എള്ള്, പയറ്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ പണ്ടുമുതലേ ഇവിടെ കൃഷി ചെയ്തുവരുന്നുണ്ട്. കൃഷികളെക്കുറിച്ച് പരിശോധിക്കുമ്പോള്‍ അന്നും ഇന്നും പ്രധാനകൃഷി നെല്ലു തന്നെയാണ്. മൂന്നു കാലങ്ങളിലായി വിരിപ്പു, മുണ്ടുകന്‍, പുഞ്ച എന്നീ വിത്തുകള്‍ പാടങ്ങളിലും, മോടന്‍വിത്ത് പറമ്പുകളിലും കൃഷി ചെയ്തുവരുന്നു. കഴമ, ചെങ്കഴമ, വെള്ളരിക്കഴമ, കസ്തൂരിക്കഴമ, ആര്യന്‍, ചെറുവെളുത്താര്യന്‍, സ്വര്‍ണ്ണാര്യന്‍, തവളക്കണ്ണന്‍, വെളുത്തവട്ടന്‍, നവര തുടങ്ങിയവയായിരുന്നു പഴയകാലത്തെ വിരിപ്പുവിളയിലെ വിത്തിനങ്ങള്‍. വിരിപ്പുവിളക്കാലത്തു തന്നെ പറമ്പുകളില്‍ മോടന്‍കൃഷിക്ക് കട്ടമോടന്‍, കറുത്തമോടന്‍, ചുവന്നമോടന്‍ എന്നീ വിത്തിനങ്ങളും ഉപയോഗിച്ചിരുന്നു. വിരിപ്പുവിളകള്‍ ചിങ്ങമാസത്തില്‍ കൊയ്തെടുക്കുകയും അതിനുശേഷം മകരത്തില്‍ കൊയ്തെടുക്കത്തക്കവിധം മുണ്ടകന്‍വിള ഇറക്കുകയും ചെയ്യുന്നു. ഇവയ്ക്കുവേണ്ട ഞാറ്റടികള്‍ വിരിപ്പുകൃഷി ചെയ്യാതെ ഒഴിച്ചിട്ട കണ്ടങ്ങളില്‍ നേരത്തെതന്നെ തയ്യാറാക്കിയിരിക്കും. ഞാറ്റുകണ്ടങ്ങള്‍ എന്ന പേരിലാണ് ഈ കണ്ടങ്ങള്‍ അറിയപ്പെട്ടിരുന്നത്. ചിറ്റേനി, വെള്ളക്കോലി, കവുങ്ങിന്‍ പൂത്താട, ചുവന്ന വെമ്പാല, കമ്പനി വെള്ളരി തുടങ്ങിയവയായിരുന്നു മുണ്ടകത്തിലെ വിത്തിനങ്ങള്‍. മഴയെ ആശ്രയിച്ചും കിണര്‍, കുളം, തോട്, തൂതപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് വെള്ളം തേവിയുമാണ് ജലസേചനം നടത്തിയിരുന്നത്. വെള്ളം തേവുന്നതിന് തേക്കുകൊട്ട, കാളത്തേക്ക്, ഏത്തം എന്നിവ ഉപയോഗിച്ചിരുന്നു. തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക്, ഇഞ്ചി തുടങ്ങിയ വിളകള്‍ ജലസേചന സൌകര്യമുള്ള ഭാഗങ്ങളിലും മരച്ചീനി, മധുരകിഴങ്ങ്, പച്ചക്കറികള്‍, പയര്‍ തുടങ്ങിയവ മഴയെ ആശ്രയിച്ചും കൃഷി ചെയ്തിരുന്നു. കുലുക്കല്ലുര്‍ പ്രദേശത്ത് പണ്ടുകാലത്ത് ധാരാളം കുടിപ്പള്ളിക്കൂടങ്ങളുണ്ടായിരുന്നു. ടി.രാമന്‍ എഴുത്തശ്ശന്റെ വീട്ടില്‍ 8 ഹരിജന്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടാണ് ചുണ്ടമ്പറ്റയില്‍ ഹരിജനങ്ങളുടെ വിദ്യാരംഭം കുറിക്കുന്നത്. പിന്നീട് 50 സെന്റ് സ്ഥലം വാങ്ങിയാണ് സ്വാതന്ത്ര്യസമരസേനാനിയും ദേശീയപ്രസ്ഥാനത്തിന്റെ സജീവപങ്കാളിയുമായ ഇ.പി.ഗോപാലന്റെ നേതൃത്വത്തില്‍ ഹരിജനകുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി ഒരു പ്രൈമറിസ്കൂള്‍ ആരംഭിക്കുകയുണ്ടായി. 1935-ല്‍ അന്ന് കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന ഡോ:രാജേന്ദ്രപ്രസാദാണ് ഈ സ്കൂള്‍ ഉദ്ഘാടനം ചെയ്തത്. പിന്നീട് കുലുക്കല്ലൂരില്‍ അച്ചിപ്ര കുഞ്ഞനെഴുത്തച്ഛന്റെ ശ്രമഫലമായി ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. പ്രസ്തുതവിദ്യാലയമാണ് പില്‍ക്കാലത്ത് ഹയര്‍ എലിമെന്ററി സ്കൂളാക്കി ഉയര്‍ത്തിയത്. ഇന്ന് കുലുക്കല്ലൂരില്‍ ഏഴ് പ്രൈമറി സ്കൂളുകളും, നാല് അപ്പര്‍ പ്രൈമറി സ്കൂളുകളും, ഒരു ഹൈസ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ രണ്ടു പ്രൈമറി സ്കൂളും, ഒരു യു.പി.സ്കൂളും, ഒരു ഹൈസ്കൂളും സര്‍ക്കാര്‍ ഉടമയിലുള്ളതാണ്. കുലുക്കല്ലൂര്‍ പഞ്ചായത്ത് നിലവില്‍ വരുന്നതിനു മുമ്പ് വള്ളുവനാട് താലൂക്കിന്റെ ഭാഗമായിരുന്ന കുലുക്കല്ലൂര്‍ അംശത്തില്‍ ചികില്‍സാരംഗത്ത് നിലവിലുണ്ടായിരുന്നത് നാടന്‍വൈദ്യന്‍മാരുടെയും, പാരമ്പര്യ വൈദ്യന്‍മാരുടെയും ചികില്‍സാരീതികളായിരുന്നു. ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ റെയില്‍വേലൈന്‍ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. കുലുക്കല്ലൂര്‍ പഞ്ചായത്തിന് ഒരു സാംസ്കാരികപൈതൃകമുണ്ട്. വിവിധ ജാതി മത ആചാരങ്ങള്‍ പിന്തുടരുന്ന ജനങ്ങള്‍ ഇവിടെ ജീവിക്കുന്നു. പ്രധാനപ്പെട്ട ഒരു പുരാതനക്ഷേത്രമാണ് മുളയങ്കാവ് ഭഗവതി ക്ഷേത്രം. മുളയങ്കാവിലെ കാളവേല പ്രസിദ്ധമാണ്. കാളക്കോപ്പുനിര്‍മ്മാണത്തില്‍ വിദഗ്ധരായ ശില്പികളുടെ കരവിരുതില്‍ രൂപംകൊള്ളുന്ന ഒറ്റകാളകളും ഇണക്കാളകളും നിരന്നുനില്‍ക്കുന്നത് കണ്ടാല്‍ ജീവനുള്ള കാളകളാണെന്ന ആര്‍ക്കും തോന്നുകയുള്ളു. അതുപോലെ തന്നെ ഈ ക്ഷേത്രത്തില്‍ ആനയെ എഴുന്നള്ളിക്കാറില്ല എന്നുള്ളതും, രണ്ടു മുഖമണ്ഡപങ്ങള്‍ ഉണ്ടെന്നുള്ളതും മറ്റു പ്രത്യേകതകളാണ്. മദ്രസകളുടെ ആഭിമുഖ്യത്തില്‍ ഇവിടെ അനാഥപെണ്‍കുട്ടികളുടെ വിവാഹകര്‍മ്മം നിര്‍വ്വഹിച്ചുകൊടുക്കുന്നുണ്ട്. മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ അതാതു സ്ഥലത്തുള്ള പള്ളികളും മദ്രസകളും ഘോഷയാത്രകളും യോഗങ്ങളും സംഘടിപ്പിക്കുകയും ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുകയും പതിവാണ്. പ്രാചീനകലകള്‍ പലതും ഇവിടെ ഇന്നും മങ്ങലേല്‍ക്കാതെ നിലനില്‍ക്കുന്നുണ്ട്. ഓണത്തിന്റെ ഐതിഹ്യത്തെ ഉദ്ഘോഷിക്കുന്ന പാണന്‍പാട്ട്, പൂരത്തിന്റെ സവിശേഷതയായ തെക്കനും തെക്കത്തിയും, നായാടികളിയും, തിറയും പൂതനും കളി തുടങ്ങിയവക്കൊക്കെ വേണ്ടത്ര പ്രചാരം ഇന്നുമുണ്ട്. സര്‍പ്പാരാധന ഇവിടുത്തുകാരുടെ സംസ്ക്കാരത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. സര്‍പ്പം തുള്ളലും കളമെഴുത്തും ഇവിടെ കണ്ടുവരുന്നു. അതുപോലെ അമ്പലങ്ങളില്‍ കളംപാട്ടും, കളംവരക്കലും, പാനപ്പാട്ടും, പാനപിടുത്തവും നടത്തിവരുന്നു. കരിങ്കല്‍ ശില്പികളും ദാരുശില്പികളും പൈതൃകമായി കലാവൈദഗ്ധ്യം നേടിയിട്ടുള്ളവരാണ്. പഞ്ചായത്തിലെ യുവജനങ്ങളുടെ പരിശ്രമഫലമായി നിരവധി ക്ളബ്ബുകളും, കലാസമിതികളും രൂപം കൊണ്ടിട്ടുണ്ട്.