ഒറ്റ നോട്ടത്തില്‍
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ പട്ടാമ്പി ബ്ളോക്കിലാണ് കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുലുക്കല്ലൂര്‍ വില്ലേജുപരിധിയില്‍ വരുന്ന കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന് 22.74 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തൂതപ്പുഴയും, തെക്കുഭാഗത്ത് വല്ലപ്പുഴ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൊപ്പം, വിളയൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നെല്ലായ പഞ്ചായത്തുമാണ്. കേരളപ്പിറവിക്കു മുമ്പ് ഈ ഗ്രാമം മലബാര്‍ ജില്ലയിലെ വള്ളുവനാട് താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നു. കുലുക്കമില്ലാ-ഊര്‍ കാലാന്തരത്തില്‍ ലോപിച്ചോ, പരിഷ്കരിക്കപ്പെട്ടോ ആയിരിക്കാം കുലുക്കല്ലൂര്‍ ആയത്. അതോ കുലുക്കം ഉള്ള ഊര്‍, കുലുക്കള്ളൂരും പിന്നീട് കുലുക്കല്ലൂരും ആയതായിരിക്കുമോ എന്നും സന്ദേഹപ്പെടുന്നവരുണ്ട്. എന്തായാലും മേല്‍പ്പറഞ്ഞ നിഗമനങ്ങള്‍ അത്രകണ്ട് യുക്തിഭദ്രമല്ലെന്ന് വ്യക്തമാണ്. കുലുക്കല്ലൂര്‍ പഞ്ചായത്തിന്റെ ആദ്യഭരണസമിതി രൂപീകരണം നടന്നത് 1964-ലായിരുന്നു. ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.വീരാവു ആയിരുന്നു. കുലുക്കല്ലൂര്‍ പഞ്ചായത്ത് മൊത്തത്തില്‍ നിന്മോന്നതമായി കിടക്കുന്ന ഒരു ഭൂപ്രദേശമാണ്. പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയിലൂടെ തൂതപ്പുഴ(കുന്തിപ്പുഴ) പടിഞ്ഞാറോട്ടൊഴുകുന്നു. അതുകൊണ്ടുതന്നെ ഈ പ്രദേശം അല്‍പം വടക്കോട്ട് തിരിഞ്ഞാണ് കിടക്കുന്നത്. നിന്മോന്നതമായി കിടക്കുന്ന പ്രദേശമാണെങ്കിലും ഈ പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറേ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വണ്ടംകുന്ന്, കൂമ്പന്‍കുന്ന്, തറുതലക്കുന്ന് എന്നീ കുന്നുകള്‍ മാത്രമാണ് ഉയരമുള്ളവ. ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങളില്‍ മേല്‍മണ്ണ് കുറവും പാറക്കെട്ടുകള്‍ നിറഞ്ഞതുമാണ്. അതിനാല്‍ മഴക്കാലങ്ങളില്‍ വെള്ളം ഭൂമിയിലേക്ക് അധികം കിനിഞ്ഞിറങ്ങാതെ കൂടുതലും ഒഴുകിപ്പോകുന്നതുകൊണ്ട് വേനല്‍ക്കാലങ്ങളില്‍ വരള്‍ച്ച വളരെ കൂടുതലാണ്. താഴ്ന്ന ഭാഗത്തു കിടക്കുന്ന നെല്‍വയലുകള്‍ സാമാന്യം ഫലഭൂയിഷ്ഠമായ ചെളി കലര്‍ന്ന മണ്ണാണ്. പറമ്പുകളില്‍ ചെമ്മണ്ണ്, ചരല്‍ കലര്‍ന്ന മണ്ണ്, വെട്ടുകല്‍പാറ എന്നിവ കലര്‍ന്ന മണ്‍തരമാണ് കാണപ്പെടുന്നത്. ചില പ്രദേശങ്ങളില്‍ മേല്‍മണ്ണിനടിയില്‍ നൂറന്‍ കല്ലുകളും വെട്ടുകല്ലുകളും കരിങ്കല്‍പാറകളും കാണുന്നുണ്ട്. പാലക്കാടു ജില്ലയുടെ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭൂപ്രകൃതി കൊണ്ടും, വിവിധ കാര്‍ഷികവിളകളാലും അനുഗൃഹീതമാണ്.